Tuesday, February 16, 2021

തിരയെടുത്ത പ്രണയം


വാകതൻ ചോട്ടിലെ പൂമെത്തയോടല്ല

മലമേലെ ഉയരുന്ന മഞ്ഞോടുമല്ല താൻ

ഹൃദയത്തിനൊരുകോണിലവൾ തന്നെ തന്നിടും

പ്രണയാർദ്രമായൊരെൻ സ്ഥാനത്തിനോടുമേ…



ആയിരമനന്തമായ് തിരതല്ലിയിളകുന്ന

കടലിന്റെ തൂവെള്ള മണലിനോടും പിന്നെ

അതിനോട് ചേരുന്ന നനവിനോടും തന്നെ

അവളുടെയനശ്വര പ്രഥമ രാഗം.



ആദ്യമായ് കണ്ടതും കണ്ണോടിടഞ്ഞതും

കാറ്റും കലർപ്പും വെയിലും നിലാവതും

നന്മയും നറുമലർ ചുടുചുംബനങ്ങളും

സാക്ഷിയായ്‌ താഴുന്ന നിറമെഴും സൂര്യനും



കാലങ്ങളേറെയായ് താളു മറിച്ചൊരെൻ

ജീവിതപുസ്തകം പീലിയൊഴിഞ്ഞ പോൽ

ആയതുമവിടെയാണന്നോരു സന്ധ്യയിൽ

അസുരന്റെ കൈകളാൽ തിരതന്റെ താളം

പിഴച്ചതാ… കരളിന്റെയൊരു പാതിയൊലിച്ചു പോയ്



മണലിൻ മിനാരങ്ങൾ വെയിലേറ്റു വറ്റിയോ

ഞണ്ടുകൾ പിന്നോട്ട് കുഴിയിട്ട് മുങ്ങിയോ

തിരയിനി വിരിക്കും മണൽ കല്ലു കടലാസിൽ

പതിയില്ല… ആ പാദദ്വയമതോ ലോലമായ്



എന്റേതിനി എന്നുമെന്നേയ്ക്കും…..

തിരയെടുത്ത പ്രണയം




Published in "Keralanaadam" magazine 2020

Tuesday, October 13, 2020

ഭൂമിയിലെ മാലാഖ


ചീനതൻ മണ്ണിലായ് വിത്തിട്ടൊരാ മാരി

ലോകമേ നിന്നോട് പോരിനായ് വന്നിതാ

രാജ്യങ്ങളേതുമേ കതകടച്ചീടിലും

പണിപഠനാദികൾ വീട്ടിലേയ്ക്കാകിലും

ജാതിനിറങ്ങൾ തൻ ഭേദമതില്ലാതെ

ഭൂഗോളമാകെ വിറപ്പിച്ചൊരാവ്യാധി..


നിശ്ചലമായൊരാ നാടിന്റെ നെറുകയിൽ

പുലർകാല ചുംബനം നൽകിയെന്നിട്ടവൾ

ലവലേശമേതുമേ ഭയമൊന്നുമില്ലാതെ

ദിനചര്യയെന്നോണം ലാഘവത്തോടെയാ

ജോലിതൻ കുപ്പായച്ചേലയണിഞ്ഞിതാ..


നാടിനെ കാക്കുവാൻ പോകുന്നു മാലാഖ..


 Click here to watch this on Youtube  

A poem to pay respects to the health workers for their dedication.
(written during the COVID-19 epidemic time)

Thursday, September 27, 2012

വേട്ടമൃഗം


നാക്ക്‌ കൊണ്ട് വല നെയ്ത വേടന്‍ ആയിരുന്നു അയാള്‍. മുയലിറച്ചി വല്യ ഇഷ്ടമായിരുന്ന അയാള്‍ അവയെ കൊല്ലാതെ തന്നെ വലയില്‍ കുടുക്കിയിരുന്നു. പക്ഷെ തനിക്കു നേര്‍ക്ക്‌ കൊമ്പ് ചൂണ്ടി നിന്നിരുന്ന മാനുകളെ അയാള്‍ ഇഷ്ടപ്പെട്ടില്ല. അത് കൊണ്ടാവണം, വലയില്‍ വലിയ കല്ലുകെട്ടി അയാള്‍ മാനുകളെ തച്ചു കൊന്നത്. മാനുകളുടെ അന്ത്യം അയാള്‍ക്ക് ഉത്സവമായിരുന്നു. തന്‍റെ മുയല്‍ വേട്ട തടസ്സപ്പെടുതിയതിന്‍റെ പ്രതികാരം മാനുകളോട് വീട്ടുകയായിരുന്നു അയാള്‍. മുയലുകള്‍ പെട്ടെന്ന് തന്‍റെ വലയില്‍ വീഴും എന്നുള്ള ആത്മവിശ്വാസവും അയാള്‍ക്ക് അവയോടുള്ള അധിമോഹവും അപകടമാണെന്ന് മാനുകള്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. മാംസഭോജികള്‍ അല്ലാത്തതുകൊണ്ട് മാനുകള്‍ക്ക് മുയലുകളോട്  സഹതാപവും ഉണ്ടായിരുന്നു.എന്നാല്‍ തങ്ങളുടെ വാക്കിനു വില കല്‍പ്പിക്കാതെ ഒരു തരം മയക്കത്തിലായിരുന്നു മുയലുകള്‍ മിക്കപ്പോഴും. അത് കൊണ്ട് വേടന്‍റെ ജോലി എളുപ്പമായി. നാക്ക് കൊണ്ട് നെയ്ത വലയുമായി അയാള്‍ ഇടവഴികളിലും ചിലപ്പോഴൊക്കെ ആള്‍ക്കൂട്ടത്തിലും കാത്തു നിന്നു.


രണ്ടു പാളി കതകുകളും മുപ്പതില്‍ പരം കാവല്‍ക്കാരും ഉള്ളവന്‍ രാജാവല്ലെങ്കിലും അഹങ്കാരിയായെന്നു വരും. ഒരു മുയലിനെ പിടിക്കാന്‍ വേണ്ടി പല മാനുകളേയും കൊല്ലേണ്ടി വന്നിരുന്നു. എങ്കിലും ആ വല കൊണ്ട് അയാള്‍ അനുസ്യൂതം തന്‍റെ വേട്ട തുടര്‍ന്നു.


ഇപ്പോള്‍ മാനിന്‍റെ ആത്മാവ് പ്രാര്‍ത്ഥിക്കുകയാണ് "അടുത്ത ജന്‍മം എന്നെയും ജനിപ്പിക്കണേ; ഒരു ഊമയുടെ നാക്കായെങ്കിലും"

Thursday, February 09, 2012

പ്രഥമ ദര്‍ശന ദിവ്യനുരാഗം

ഷാമ്പൂ തേച്ചെങ്കിലും ഒതുക്കത്തോടെ പറത്തിവിട്ട തലമുടിയുമായി അവള്‍ ബസ്സിന്‍റെ പടികള്‍ കയറുമ്പോളേ അവന്‍റെ ഉള്ളിന്‍റെ ഉള്ളില്‍ ആദ്യത്തെ ബള്‍ബ്‌ പൊട്ടി, മണിയടി നാദം കേട്ടു... അതെ ഇത് അതുതന്നെ, പ്രഥമ ദര്‍ശന ദിവ്യനുരാഗം...!!! ഓ, തന്‍റെ ദിവ്യാനുരാഗത്തിന്‍റെ ഒപ്പം NS പെരുങ്കായത്തിന്‍റെ തുണിസഞ്ചി പോലെ എന്തോ ഒരു ബാഗും തൂക്കി ഒരു നരച്ച താടി... അവളുടെ അപ്പൂപ്പന്‍... നമുക്ക് പ്രയോജനം ഇല്ലാത്ത വകുപ്പാ... നരച്ച താടികള്‍ തുലയട്ടെ... ഷാമ്പൂ തേച്ച മുടികള്‍ ഉലയട്ടെ...
ആ സ്റ്റോപ്പില്‍ നിന്നും അവളും അപ്പൂപ്പനും മാത്രമല്ല കുറെ പേരും കൂടെ കേറി, വണ്ടി നിറയെ ആളുകള്‍, നല്ല തിരക്ക്. പക്ഷെ അവള്‍ വന്നു നിന്നത് -അതോ കൊണ്ടു നിര്‍ത്തിയതോ- അവന്‍റെ ഏകദേശം മുന്‍പിലായി തന്നെ. ആഗ്രഹം ഇത് പോലെ ഇത്ര പെട്ടെന്ന് സംഭവിച്ച ദിവസം ഈ അടുത്തെങ്ങും ഉണ്ടായിട്ടില്ല. അവന്‍റെ ജീവിതത്തില്‍ ആദ്യമായി അശോക്‌ ലെയ്.ലാന്‍റ് ബസിന്‍റെ ബ്രേക്കിംഗ് കൊണ്ട് പ്രയോജനം ഉണ്ടായ ദിവസവും അതു തന്നെ ആയിരുന്നു. ഇത്തരം ബ്രേക്കിംഗ് സാധ്യതകള്‍ ഉള്ള  കുണ്ടും കുഴിയും ഒക്കെ നിറഞ്ഞ റോഡുകള്‍ മാത്രമുള്ള ഈ തനി നാട്ടിന്‍ പുറത്ത് തനിക്ക് ജന്‍മം നല്‍കി ഇവിടെ ജീവിക്കാന്‍ അവസരം നല്‍കിയ അമ്മയ്ക്കും അച്ഛനും നന്ദി പറഞ്ഞു കൊണ്ട് അവന്‍ ബസ്സിന്‍റെ അടുത്ത ബ്രേക്കിനു വേണ്ടി പ്രാര്‍ത്ഥിച്ചു. കാരണം, ലാസ്റ്റ് ബ്രേക്കില്‍ അവള്‍ അടി തെറ്റി വന്നു വീണത്‌ അവന്‍ കൊതിച്ചിട്ടും രോമങ്ങള്‍ വളരാന്‍ കൊതിക്കാത്ത അവന്‍റെ സ്വന്തം നെഞ്ചിലായിരുന്നു. നരച്ച താടി സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു, കണ്ണടയും തുളച്ച്. ഞാനിപ്പോ എന്ത് ചെയ്യാനാ, ഫിസിക്സ്‌ -ലെ നിയമങ്ങള്‍ അനുസരിച്ച്, ബസ് ബ്രേക്കിട്ടാല്‍ മുന്‍പില്‍ നില്‍ക്കുന്നവര്‍ ചിലപ്പോള്‍ പിറകോട്ടു വീണെന്നു വരും. ഇതിപ്പോള്‍ തടുക്കാന്‍ എന്‍റെ നെഞ്ചില്ലായിരുന്നെങ്കില്‍ കാണാമായിരുന്നു.. ഹും.. എന്നിട്ട് എന്നെ നോക്കുന്നു, ദിവ്യാനുരാഗത്തിന്‍റെ അപ്പൂപ്പന്‍, നരച്ച താടി...
....
....
....


അപ്പൂപ്പനെ അടുത്തിരുത്തി കുശലം പറയുമ്പോഴും അങ്ങേരുടെ കൊച്ചുമകളുടെ ഹൃദയം കവരാനുള്ള കുറുക്കുവഴികളായിരുന്നു അവന്‍റെ ഉള്ളില്‍ മുഴുവനും.

Sunday, February 13, 2011

കൊതിയോടെ ഞാന്‍

ആ പടികളില്‍, കൈവരികളില്‍
നിന്‍ വിരലുകള്‍, കാല്‍മലരുകള്‍
ഒന്നമരുവാന്‍ കൊതിയോടെ ഞാന്‍
മണ്‍ തരികളായ് നാള്‍വഴികളില്‍ ...!

Sunday, January 16, 2011

ഒറ്റവരിയന്‍സ്

______________________________________________________
ഷേവ് ചെയ്തപ്പോള്‍ തന്‍റെ കൃതാവിന്‍റെ നീളം കുറഞ്ഞു പോയെന്നു പറഞ്ഞ് ബാര്‍ബറായ പ്രാവിന് 101 ചാട്ടവാറടി വിധിച്ചു, നമ്മുടെ സിംഹരാജന്‍.

______________________________________________________
തന്‍റെ ഇളയ മകളെ സൈറ്റടിച്ചതിന്‍റെ പ്രതികാരമെന്നോണം കുളക്കടവില്‍ മുഖം കഴുകിക്കൊണ്ടിരുന്ന കുഞ്ഞന്‍ മുയലിനെ ഉറുമ്പാശാന്‍ വെള്ളത്തില്‍ തള്ളിയിട്ടു കൊന്നുകളഞ്ഞു.

Wednesday, December 22, 2010

ലെന്‍സിലൂടെ

തമസ്സിന്‍റെ നിറമുള്ള ജുബ്ബതന്‍ കോളറില്‍
ചന്ദനപ്പൂക്കളാല്‍ മോടികൂട്ടി
ചതുരത്തില്‍ ഫ്രെയിമുള്ള കണ്ണടക്കാലുകള്‍
ചെവികളില്‍ താങ്ങിയെടുത്തുവെച്ചും

വിലയേറെയാകിലും ചെളിയില്‍ കലര്‍ന്ന പോല്‍
കട്ടിയില്‍ സോളുള്ള ഷൂസുമിട്ട്
മെമ്മറി പവറുള്ള ഫോക്കസ്സിംഗ് ലെന്‍സുള്ള
സോണിതന്‍ ക്യാമറയ്ക്കതിനൊത്ത ബാഗുമായ്

ഒന്നുമറിയാത്ത രാമനാരായണന്‍
ചേട്ടനെ പോലങ്ങു മാറിനിന്നും
അനുകരിച്ചവിടെല്ലാം ചിരി പടര്‍ത്തി പിന്നെ
അതിനുടെ വീഡിയോ ലിങ്കയച്ചു

മാമ്പൂ തളിര്‍ത്തതും  മണമുള്ള പൂക്കളും
ലഹരിയില്‍ നുരയുന്ന താണ്ഡവ നൃത്തവും
മുഷിമീന്‍ ചിരിച്ചതും നിറമുള്ള ചെറിയോരു
വെട്ടത്തില്‍ നാരിതന്‍ നടനഭാവങ്ങളും

അതുമിതും അവിടുള്ള കടലിന്‍റെ ഭംഗിയും
പാലവും പാറിപ്പറക്കുന്ന കിളികളും
പലതിന്നും തെളിവിനായ് വേണ്ട പല ചിത്രങ്ങള്‍
പല നേരത്തായി പകര്‍ത്തി രാജീവ്‌

എല്ലാറ്റിനും തന്‍റെ ബ്യൂടിഫുള്‍
ലെന്‍സിനോടേറ്റം കപ്പെട്ടിരിക്കുന്നു നായകന്‍

സസ്നേഹം,
ലിബിന്‍ ടോം

N.B : Dedicated to my friend Rajiv @ office after a team outing.