Thursday, September 03, 2009

ഇരുട്ട് കറുപ്പല്ലെന്നു പോലും...

ഉറങ്ങാന്‍ കിടന്നപ്പോള്‍ മനുഷ്യന്‍ കരയുകയായിരുന്നു. തേങ്ങിക്കൊണ്ട്‌ ഇടത്തേക്ക് ചരിഞ്ഞു ഇരുട്ടിനെ നോക്കുമ്പോള്‍ വലം കണ്ണില്‍ നിന്നു കണ്ണീര് മൂക്കിന്‍റെ പാലം കടന്ന് ഇടം കണ്ണും തലോടി മെത്തയിലെത്തി. ആ നനവ് വലതു കൈ കൊണ്ടു തടവി അങ്ങനെ കിടന്നു. കരച്ചില്‍ തീരാതെ ഉറങ്ങാന്‍ പറ്റില്ല, ഉറങ്ങിയാല്‍ പിന്നെ കരയാനും...

വീണ്ടും ഓരോന്ന് ഓര്‍ത്തെടുക്കുമ്പോഴേക്കും ഇരുട്ടും കഥ പറഞ്ഞു തുടങ്ങിയെന്നു തോന്നിപ്പോയി. അല്ലെങ്കില്‍ പിന്നെ കൃത്രിമ വെളിച്ചം പോലുമില്ലാത്ത ഇരുട്ടിന്‍റെ ഈ തിരശീലയിലും രാത്രി എങ്ങനെ മനുഷ്യന് ഇത്ര വ്യക്തമായി എല്ലാം കാട്ടിത്തരുന്നു?

പക്ഷെ കുറെ തേങ്ങലടിയുമ്പോള്‍ ഈ ഓര്‍മകളെ സ്വപ്നമാക്കി മാറ്റി തരാനുള്ള വിദ്യയും രാത്രിയുടെ കൈയ്യിലുണ്ട്‌. ആ സ്വപ്നം തുടങ്ങിയാല്‍ പിന്നെ തീരില്ല. ഓര്‍മ്മകള്‍ സ്വപ്നവേഷം കെട്ടി കളിയും ചിരിയുമായി എത്തുന്നത് എന്നും മനുഷ്യന് ഇഷ്ടമായിരുന്നു. പക്ഷെ ഇന്നു മനുഷ്യന് ആ വേഷത്തിലും ഭാവത്തിലും ഒരു ദുഃഖഛായ മാത്രമെ കാണാനുള്ളൂ. ദുഃഖം ആണെകിലും സ്വപ്നത്തില്‍ എല്ലാ നിറങ്ങളുമുണ്ട്. ഇലയ്ക്ക് പച്ച, ചോരയ്ക്ക് ചുവപ്പ്, പാലിന് വെളുപ്പ്‌....

ഒരൊറ്റ കറുപ്പ് നിറം കൊണ്ടു മൂടിപ്പുതപ്പിച്ച് മനുഷ്യനെ കിടത്തിയിട്ട് ഇത്രയും നിറങ്ങളുള്ള സ്വപ്നങ്ങള്‍ കാട്ടി കൊടുക്കുന്ന രാത്രി മഹത്തരം തന്നെ.

സസ്നേഹം,
ലിബിന്‍ ടോം