Thursday, September 27, 2012

വേട്ടമൃഗം


നാക്ക്‌ കൊണ്ട് വല നെയ്ത വേടന്‍ ആയിരുന്നു അയാള്‍. മുയലിറച്ചി വല്യ ഇഷ്ടമായിരുന്ന അയാള്‍ അവയെ കൊല്ലാതെ തന്നെ വലയില്‍ കുടുക്കിയിരുന്നു. പക്ഷെ തനിക്കു നേര്‍ക്ക്‌ കൊമ്പ് ചൂണ്ടി നിന്നിരുന്ന മാനുകളെ അയാള്‍ ഇഷ്ടപ്പെട്ടില്ല. അത് കൊണ്ടാവണം, വലയില്‍ വലിയ കല്ലുകെട്ടി അയാള്‍ മാനുകളെ തച്ചു കൊന്നത്. മാനുകളുടെ അന്ത്യം അയാള്‍ക്ക് ഉത്സവമായിരുന്നു. തന്‍റെ മുയല്‍ വേട്ട തടസ്സപ്പെടുതിയതിന്‍റെ പ്രതികാരം മാനുകളോട് വീട്ടുകയായിരുന്നു അയാള്‍. മുയലുകള്‍ പെട്ടെന്ന് തന്‍റെ വലയില്‍ വീഴും എന്നുള്ള ആത്മവിശ്വാസവും അയാള്‍ക്ക് അവയോടുള്ള അധിമോഹവും അപകടമാണെന്ന് മാനുകള്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. മാംസഭോജികള്‍ അല്ലാത്തതുകൊണ്ട് മാനുകള്‍ക്ക് മുയലുകളോട്  സഹതാപവും ഉണ്ടായിരുന്നു.എന്നാല്‍ തങ്ങളുടെ വാക്കിനു വില കല്‍പ്പിക്കാതെ ഒരു തരം മയക്കത്തിലായിരുന്നു മുയലുകള്‍ മിക്കപ്പോഴും. അത് കൊണ്ട് വേടന്‍റെ ജോലി എളുപ്പമായി. നാക്ക് കൊണ്ട് നെയ്ത വലയുമായി അയാള്‍ ഇടവഴികളിലും ചിലപ്പോഴൊക്കെ ആള്‍ക്കൂട്ടത്തിലും കാത്തു നിന്നു.


രണ്ടു പാളി കതകുകളും മുപ്പതില്‍ പരം കാവല്‍ക്കാരും ഉള്ളവന്‍ രാജാവല്ലെങ്കിലും അഹങ്കാരിയായെന്നു വരും. ഒരു മുയലിനെ പിടിക്കാന്‍ വേണ്ടി പല മാനുകളേയും കൊല്ലേണ്ടി വന്നിരുന്നു. എങ്കിലും ആ വല കൊണ്ട് അയാള്‍ അനുസ്യൂതം തന്‍റെ വേട്ട തുടര്‍ന്നു.


ഇപ്പോള്‍ മാനിന്‍റെ ആത്മാവ് പ്രാര്‍ത്ഥിക്കുകയാണ് "അടുത്ത ജന്‍മം എന്നെയും ജനിപ്പിക്കണേ; ഒരു ഊമയുടെ നാക്കായെങ്കിലും"